ബദര്‍ സ്മൃതിയിലലിഞ്ഞ് ഒരു പകല്‍ പുതുമകളാല്‍ ശ്രദ്ധേയമായി ബദര്‍ കിസ്സ പാടിപ്പറയല്‍

മഅ്ദിന്‍ അക്കാദമിയുടെയും ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബദര്‍ കിസ്സപ്പാട്ട് പാടിപ്പറയല്‍ പരിപാടി വിശ്വാസികള്‍ക്ക് നവ്യാനുഭവമായി. ബദര്‍ സമരത്തിനുവേണ്ടി പുറപ്പെട്ട ദിനമായ റമസാന്‍ പന്ത്രണ്ടിനാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. പ്രശസ്തരായ 12 കാഥികരും പിന്നണിഗായകരും 12 മണിക്കൂര്‍ പാടിയപ്പറഞ്ഞ ബദര്‍ കിസ്സപ്പാട്ട് ആവേശത്തോടെയാണ് ആസ്വാദകര്‍ ഏറ്റെടുത്തത്. നേരിട്ടും ഓണ്‍ലൈനിലുമായി ആയിരക്കണക്കിനാളുകള്‍ സംബന്ധിച്ചു.
കിസ്സപ്പാട്ടിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക വഴി കൂടുതല്‍ പേരെ ആകര്‍ഷിപ്പിക്കുന്നതിനും റമസാന്‍ 17ന് നടന്ന ബദര്‍ സമരത്തെ അനുസ്മരിക്കുന്നതിനുമാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. മഹാകവി മോയിന്‍കുട്ടി വൈദ്യരടക്കമുള്ള പൂര്‍വ കവികള്‍ ഇസ്്‌ലാമിക ചരിത്രങ്ങളെയും പോരാട്ടങ്ങളെയും പ്രമേയമാക്കി അറബി മലയാള സാഹിത്യത്തില്‍ രചിച്ച ഇശലുകളാണ് കിസ്സപ്പാട്ട്. ചെന്തമിഴ്, തമിഴ്, സംസ്‌കൃതം തുടങ്ങിയ ഭാഷാസങ്കലന രീതിയാണ് ഇത്തരം രചനകളില്‍ സ്വീകരിച്ചിട്ടുള്ളത്. പഴയതലമുറ പുതിയതലമുറയിലേക്ക് ചരിത്രകൈമാറ്റം നടത്തിയിരുന്നത് ഇത്തരം പരിപാടികളിലൂടെയായിരുന്നു.
മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. പുതിയകാലത്ത് കിസ്സപ്പാട്ടുകളുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്നും മഹാകവി മോയിന്‍കുട്ടി വൈദ്യരടക്കമുള്ളവരുടെ പാട്ടുകള്‍ പുതിയതലമുറക്ക് കൂടുതല്‍ പഠിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്‍ ചെയര്‍മാന്‍ സയ്യിദ് സാലിം തങ്ങള്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു. കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി കെ ഹംസ മുഖ്യാതിഥിയായി. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. പി ടി എം ആനക്കര, അബൂ മുഫീദ താനാളൂര്‍, മഅ്ദിന്‍ മാനേജര്‍ ദുല്‍ഫുഖാറലി സഖാഫി, അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, യൂസുഫ് കാരക്കാട്, കെ.സി.എ കുട്ടി കൊടുവള്ളി, കെ.എം കുട്ടി മൈത്ര, അബ്ദു കുരുവമ്പലം, മൊയ്തീന്‍ കുട്ടി മുസ്ലിയാരങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. അഷ്‌റഫ് സഖാഫി പുന്നത്ത്, കെ പി എം അഹ്‌സനി കൈപുറം, മുസത്ഫ സഖാഫി തെന്നല, ഇബ്‌റാഹീം ടി എന്‍ പുരം, അബ്ദുല്‍ ഖാദിര്‍ കാഫൈനി,റഷീദ് കുമരനല്ലൂര്‍, ഉമര്‍ മുസ്ലിയാര്‍ മാവുണ്ടിരി, അബൂ സ്വാദിഖ് മുസ്ലിയാര്‍ കുന്നുംപുറം, അഷ്‌റഫ് ദാറാനി, ഹംസ മുസ്ലിയാര്‍ കണ്ടമംഗലം, മുഹമ്മദ് കുമ്പിടി, മുഹമ്മദ് മാണൂര്‍ എന്നിവര്‍ പാടിപ്പറയലിന് നേതൃത്വം നല്‍കി.