വിശുദ്ധ റമസാനില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി മഅ്ദിന്‍ അക്കാദമിയുടെ റമസാന്‍ ക്യാമ്പയിന്‍. ഹരിത പ്രോട്ടോകോളും സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കോവിഡ് മുന്‍കരുതലും പാലിച്ചുള്ള നാല്‍പതിന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. റമളാന്‍ 27-ാം രാവില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തോടെ ക്യാമ്പയില്‍ സമാപിക്കും. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാതലത്തില്‍ വേണ്ടത്ര മുന്‍കരുതലോടെയാണ് ഓരോ പദ്ധതികളും നടപ്പിലാക്കുക.

ആബാല വൃദ്ധം ജനങ്ങള്‍ക്കും സംബന്ധിക്കാവുന്ന തരത്തിലുള്ളതാണ് ക്യാമ്പയിന്‍. കേള്‍വി-കാഴ്ചാ പരിമിതിയുള്ളവര്‍ക്ക് ആശ്വാസ കിറ്റ് വിതരണം, ബോധവല്‍ക്കരണ സംഗമം എന്നിവയും ഭിന്നശേഷിക്കാര്‍ക്ക് ശാക്തീകരണ സംഗമം, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സ്‌നേഹ സംഗമം, എബിലിറ്റി വാക്സ്, ഏബ്ള്‍ടോക്, ഇഫ്ത്വാര്‍ മീറ്റ്, വസ്ത്ര വിതരണം, വര്‍ക്ക് ഷോപ്പ്, ഈദ് മീറ്റും സംഘടിപ്പിക്കും.

കോവിഡ് മുന്‍കരുതലും വിശ്വാസികളുടെ സൗകര്യവും കണക്കിലെടുത്ത് ഗ്രാന്റ് മസ്ജിദില്‍ ഒരു ദിവസം രണ്ട് തറാവീഹ് നിസ്‌കാരങ്ങള്‍ നടക്കും. ഖുര്‍ആന്‍ 30 ജുസ്അ് പൂര്‍ത്തിയാക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സൗകര്യത്തോടെയാണ് എല്ലാ ദിവസവും രാത്രി 11.30 ന് നടക്കുന്ന തറാവീഹ് നിസ്‌കാരം. ഇത് വിവിധ തുറകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സൗകര്യപ്രദമാകും.

വനിതകള്‍ക്ക് ‘നല്ല കുടുംബം നല്ല സമൂഹം’ എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 15 മുതല്‍ മെയ് 6 വരെ വിജ്ഞാന വേദിയും ആത്മീയ സദസ്സും നടക്കും. രാവിലെ 10 മുതല്‍ 12.30 വരെ നടക്കുന്ന പരിപാടിക്ക് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, റഹ്മത്തുള്ള സഖാഫി എളമരം, ലുക്മാനുല്‍ ഹക്കീം സഖാഫി പുല്ലാര, ഇബ്റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി അരീക്കോട്, അബ്ദുല്‍ അസീസ് സഖാഫി എലമ്പ്ര, അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം, സഫ് വാന്‍ സഖാഫി പത്തപ്പിരിയം തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കര്‍മശാസ്ത്ര വിഷയങ്ങളില്‍ സംശയ നിവാരണത്തിനും അവസരമുണ്ടാവും. ക്ലാസിനെത്തുന്ന സ്ത്രീകളുടെ സൗകര്യത്തിനായി വിവിധ റൂട്ടുകളില്‍ സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്തും.

നോമ്പ് ഒന്ന് മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 5.30 മുതല്‍ നോമ്പ് തുറ വരെ പ്രമുഖ സയ്യിദന്മാരുടെ നേതൃത്വത്തില്‍ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ മജ്ലിസുല്‍ ബറക ആത്മീയ വേദി സംഘടിപ്പിക്കും. കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ റിലീഫ് ക്യാമ്പുകള്‍ സംഘടിപ്പിക്കും.

യാത്രക്കാര്‍, പരിസരത്തുള്ള ഹോസ്പിറ്റലുകളിലെ രോഗികള്‍, കൂട്ടിരിപ്പുകാര്‍ തുടങ്ങിയവരുടെ സൗകര്യത്തിനായി റമളാന്‍ മുപ്പത് ദിവസവും ഇഫ്ത്വാര്‍ സംഗമം ഒരുക്കും. വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്പത് മുതല്‍ പ്രത്യേക ആത്മീയ മജ്‌ലിസ് ഒരുക്കുന്നുണ്ട്. നോമ്പ് മുപ്പത് വരെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഹദീസ് ക്ലാസും ഇഅ്തികാഫ് ജല്‍സയുമുണ്ടാകും. ജല്‍സക്കെത്തുന്നവര്‍ക്ക് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നോമ്പുതുറ, അത്താഴം, മുത്താഴം, താമസമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കും.

റമളാനിലെ എല്ലാ ദിവസവും ഉച്ചക്ക് ഒന്ന് മുതല്‍ ചരിത്രപഠനം നടക്കും. ഗ്രാന്റ് മസ്ജിദില്‍ നടക്കുന്ന പരിപാടിക്ക് പ്രമുഖ ചരിത്ര പണ്ഡിതന്‍ അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി നേതൃത്വം നല്‍കും. എല്ലാ ദിവസവും വൈകുന്നേരം നാലിന് നടക്കുന്ന കര്‍മശാസ്ത്ര പഠനത്തിന് സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി നേതൃത്വം നല്‍കും. സംശയ നിവാരണത്തിന് പ്രത്യേക സൗകര്യവും ഉണ്ടാകും. നോമ്പ് പതിനാറിന് ബദര്‍ നേര്‍ച്ചയും മൗലിദ് പാരായണവും നടക്കും. വിശ്വാസ സംരക്ഷണത്തിന് ധര്‍മ്മ സമരത്തിനിറങ്ങിയ 313 ബദ്രീങ്ങളുടെ പേരുകള്‍ ഉരുവിട്ട്, പ്രാര്‍ത്ഥനയോടെ പിരിയുന്ന വേദിയില്‍ ആയിരക്കണക്കിനാളുകള്‍ സംബന്ധിക്കും. റമളാന്‍ 20ന് മഹല്ലുകളിലൂടെ പൈതൃകയാത്ര നടക്കും.

ഖുര്‍ആന്‍ അവതരണ മാസം കൂടിയായ പുണ്യമാസത്തിലെ ഞായറാഴ്ചകളില്‍ ഏഴു മണിതൊട്ട് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ സംഘടിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് നേതൃത്വം നല്‍കും. ഖത്മുല്‍ ഖുര്‍ആന്‍, മഹല്ല് കൂട്ടായ്മ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം തുടങ്ങിയ പരിപാടികളും കാമ്പയിന്‍ കാലയളവില്‍ സംഘടിപ്പിക്കും.
റമസാന്‍ കാമ്പയിനു മുന്നോടിയായി നടന്ന പ്ലേ ബട്ടണ്‍ സോഷ്യന്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ് സമ്മിറ്റ് ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ഷെറിന്‍ ലാല്‍, മുഹമ്മദ് നൗഫല്‍ കോഡൂര്‍, ഉമര്‍ മേല്‍മുറി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന അമ്പതോളം പേര്‍ പരിപാടിയില്‍ സംബന്ധിച്ചു.

സ്വലാത്ത് നഗറിലെ റംസാന്‍ പരിപാടികള്‍ മഅ്ദിന്‍ വെബ്സൈറ്റ് വഴിയും മറ്റ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയും വെബ്കാസ്റ്റ് ചെയ്യുന്നുണ്ട്. റംസാന്‍ ചൈതന്യം പകര്‍ന്ന് കൊടുക്കുന്ന സെമിനാറുകളും സംഘടിപ്പിക്കും.