മഹാമാരിക്കെതിരെ മുഹ്‌സിനയുടെ ബൂസ്റ്റര്‍ ഡോസ്

കോവിഡ് പ്രതിസന്ധിയില്‍ മനസ്സും ശരീരവും തളര്‍ന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസുമായി മഅ്ദിന്‍ അക്കാദമി ഷീ കാമ്പസ് വിദ്യാര്‍ഥിനി മുഹ്‌സിന ബാഹിറ. ഇന്നലെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവില്‍ പ്രകാശനം ചെയ്ത മുഹ്‌സിനയുടെ ബൂസ്റ്റര്‍ ഡോസ് എന്ന പുസ്തകം ഫെയറില്‍ പുറത്തിറക്കിയ നൂറു കണക്കിന് പുസ്തകങ്ങള്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുന്നു.
ലോക്ഡൗണ്‍ മനുഷ്യരെ വീടുകള്‍ക്കുള്ളില്‍ തളച്ചിട്ടപ്പോള്‍ അത് ക്രയശേഷിയെയും ആത്മവിശ്വാസത്തെയും ബാധിച്ചുവെന്ന തിരിച്ചറിവില്‍ നിന്നാണ് മുഹ്‌സിന എഴുതിത്തുടങ്ങിയത്. പൊതു ഇടങ്ങളിലെ ഇടപെടലുകളും കൂടിച്ചേരലുകളും കുറഞ്ഞത് പലരെയും തളര്‍ത്തിക്കളഞ്ഞു. ഭാവനകള്‍ക്കും ചിന്തകള്‍ക്കും ചങ്ങല വീണു. കുടുംബ ബന്ധങ്ങളെ വരെ ഇത് ദോഷമായി ബാധിച്ചു.
ഇങ്ങനെ കുരുക്കു വീണ് ഇരുളടഞ്ഞ മനസ്സുകളിലേക്ക് പ്രതീക്ഷയുടെ വെളിച്ചം എത്തിക്കുന്നതിനുള്ള ഏഴ് കാര്യങ്ങളാണ് ബൂസ്റ്റര്‍ ഡോസിലുള്ളത്. തിയറികള്‍ പറഞ്ഞു പോകുന്നതിനപ്പുറം ഓരോ ഭാഗത്തിലുമുള്ള കാര്യങ്ങള്‍ എങ്ങനെ പ്രായോഗികമാക്കി എന്ന് കുറിച്ചു വെക്കാനുള്ള ഇടവും ചേര്‍ത്തിരിക്കുന്നു.
കോവിഡ് വൈറസ് ശരീരത്തെ ബാധിച്ചതിനെക്കാള്‍ മനസ്സുകളെയാണ് ബാധിച്ചതെന്നും അതിനെ ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങളാണ് തേടേണ്ടതെന്നുമുള്ള മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ കോവിഡ് കാലത്തെ തുടര്‍ച്ചയായ ഉദ്‌ബോധനമാണ് ഇത്തരമൊരു പുസ്തകമെഴുതാന്‍ പ്രചോദിപ്പിച്ചതെന്ന് മുഹ്‌സിന പറഞ്ഞു.
മലപ്പുറം നിലമ്പൂരില്‍ പെണ്‍കുട്ടികള്‍ക്കായുള്ള മഅ്ദിന്‍ അക്കാദമിയുടെ പ്രത്യേക കാമ്പസില്‍ ഇംഗ്ലീഷ് സാഹിത്യം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മുഹ്‌സിന. കാമ്പസ് മാഗസിനായ പെണ്‍ധ്വനിയിലൂടെയും esquire (എസ്‌ക്വയര്‍) എന്ന ഇംഗ്ലീഷ് മാഗസിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചുമാണ് എഴുത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിക്കുന്നത്. പാഠ്യേതര വിഷയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന കാമ്പസ് അന്തരീക്ഷം കൂട്ടായി. Reuters (റോയിട്ടേഴ്‌സ്) ന്റെ ഡിജിറ്റല്‍ ജേര്‍ണലിസം, യു.എന്‍ ൻ്റെ Nature based Solution for Climate Resilience (നാച്വര്‍ ബേസ്ഡ് സൊലൂഷന്‍ ഫോര്‍ ക്ലൈമറ്റ് റീസേലിയന്‍സ്) ഉള്‍പ്പടെ നിരവധി അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ഷാര്‍ജ ബുക് ഫെയറില്‍ നടന്ന ചടങ്ങില്‍ ആസ്ട്രിയയിലെ വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പ്രസാധനാലയമായ ഇന്‍ലിബ്രിസ് ഡയറക്ടര്‍ ഹ്യൂഗോ വെറ്റ്‌ഷെറക്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ് നല്‍കി പ്രാകാശനം നിര്‍വ്വഹിച്ചു. തെളിഞ്ഞ ഭാഷയും കാലിക പ്രസക്തിയുള്ള വിഷയവും പുസ്തകത്തെ വ്യത്യസ്തമാക്കുന്നുവെന്ന് ഹ്യൂഗോ വെറ്റ്‌ഷെറക് അഭിപ്രായപ്പെട്ടു. ക്ലിക് ഇന്റര്‍നാഷനല്‍ എം.ഡി സഈദ് ഊരകം, കല്ലട ഫുഡ്‌സ് തലവന്‍ അയ്യൂബ് കല്ലട, മഅ്ദിന്‍ ഗ്ലോബല്‍ റിലേഷന്‍ ഡയറക്ടര്‍ ഉമര്‍ മേല്‍മുറി എന്നിവര്‍ സംബന്ധിച്ചു. ഉറവ പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍. പുതിയ എഴുത്തുകാര്‍ക്ക് പ്രചോദനമേകുന്ന ഖലീല്‍ ബുഖാരി തങ്ങളുടെ ഇടപെടലാണ് മുഹ്‌സിനയെപ്പോലുള്ളവരുടെ നേട്ടത്തിനു പിന്നിലെന്ന് താന്‍ മനസ്സിലാക്കുന്നുവെന്ന് ഇ.പി ജോണ്‍സണ്‍ പറഞ്ഞു. തൃശൂര്‍ വടൂകര സ്വദേശിയായ മുഹ്‌സിന ബാഹിറ നൗഷാദിന്റെയും ഷെഫീനയുടെയും മകളാണ്.