ലൈറ്റ് ഓഫ് മദീനയും ഗ്രാൻ്റ് മൗലിദ് സമ്മേളനവും സ്വലാത്ത് നഗറില്‍

മഅദിന്‍ അക്കാദമിയുടെ സ്‌നേഹ നബി മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി നാളെ (തിങ്കള്‍) ലൈറ്റ് ഓഫ് മദീനയും ഗ്രാൻ്റ് മൗലിദ് സമ്മേളനവും സംഘടിപ്പിക്കും. റബീഉല്‍ അവ്വല്‍ 12 ന് മുന്നോടിയായി സംഘടിപ്പിക്കുന്ന ലൈറ്റ് ഓഫ് മദീന പരിപാടി തിങ്കളാഴ്ച വൈകുന്നേരം 6.30 മുതല്‍ 10 വരെയും തിരുനബി ജന്മസമയമായ പുലര്‍ച്ചെ 3 മുതല്‍ ഗ്രാൻ്റ് മൗലിദ് സമ്മേളനവും നടക്കും. പരിപാടിയില്‍ മൗലിദ് ജല്‍സ, മദ്ഹ് ഗാനം, ഖവാലി, ബുര്‍ദ, നഅ്‌തേ ശരീഫ്, പ്രാര്‍ത്ഥന, അന്നദാനം എന്നിവ നടക്കും. നാളെ വൈകുന്നേരം 4 ന് മലപ്പുറത്ത് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നബിദിന സന്ദേശ റാലി നടക്കും. നബിദിനത്തോടനുബന്ധിച്ച് മഅദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഗാന ശില്‍പം റിലീസും നടക്കും.
ഗ്രാൻ്റ് മൗലിദ് സമ്മേളനത്തിന് മുന്നോടിയായി നടന്ന പതാക ഉയര്‍ത്തലിന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍, മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ നേതൃത്വം നല്‍കി. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ഖാസിം സ്വാലിഹ് അല്‍ ഐദറൂസി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സൈതലവി സഅദി പെരിങ്ങാവ്, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, നസ്‌റുദ്ധീന്‍ കൊട്ടപ്പുറം എന്നിവര്‍ പ്രസംഗിച്ചു.