23-ാമത് സംസ്ഥാന തല ഹജ്ജ് ക്യാമ്പ്; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഗവണ്‍മെന്റ്, സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേനെ ഹജ്ജ്, ഉംറ ഉദ്ദേശിച്ചവര്‍ക്കായി ഈ മാസം 24ന് ചൊവ്വാഴ്ച സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ സംഘടിപ്പിക്കുന്ന 23-ാമത് സംസ്ഥാന തല ഏകദിന ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന ഹാജിമാരെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വിശാലമായ പന്തലാണ് മഅ്ദിന്‍ പ്രധാന കാമ്പസില്‍ ഒരുങ്ങുന്നത്. വിദൂരദിക്കുകളില്‍ നിന്നുള്ള ഹാജിമാരുടെ സൗകര്യത്തിനായി താമസ സൗകര്യവും ഒരുക്കുന്നുണ്ട്. കഅ്ബയുടെ ഭാഗങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി തയ്യാറാക്കുന്ന മാതൃകാ കഅ്ബ ഹാജിമാര്‍ക്ക് ഏറെ ഫലപ്രദമാകും. ക്ലോക്ക് റൂം, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, വാഷ്‌റൂമുകള്‍, നമസ്‌കാര സൗകര്യം, ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. മിംഹാര്‍, ഹോസ്‌പൈസ് എന്നിവയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സെന്റര്‍, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം എന്നിവയുമുണ്ടാകും. ക്യാമ്പിനെത്തുന്ന മുഴുവന്‍ ഹാജിമാര്‍ക്കും സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും. ഹാജിമാരുടെ സേവനത്തിനായി 501 അംഗ മുഴുസമയ വളണ്ടിയര്‍മാരുമുണ്ടാകും.
രാവിലെ എട്ട് മുതല്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ഹജ്ജ്ക്യാമ്പ് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. പ്രമുഖ ഹജ്ജ് പണ്ഡിതന്മാരായ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി എന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കും.

ഹജ്ജ് ക്യാമ്പ് സ്വാഗത സംഘം ഓഫീസ് കേരള ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദലി എന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹജ്ജിന്റെ കര്‍മങ്ങളും പ്രായോഗിക വശങ്ങളും ഹാജിമാര്‍ക്ക് പരിചയപ്പെടുത്തുന്നതിനും ശരിയായ വിധത്തില്‍ ഹജ്ജ് കര്‍മം നിര്‍വ്വഹിക്കുന്നതിനും ഇത്തരം ക്യാമ്പുകള്‍ ഏറെ ഫലപ്രദമാണെന്നും ഹാജിമാര്‍ക്കുള്ള ഇത്തരം സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി അധ്യക്ഷത വഹിച്ചു. മഅദിന്‍ അക്കാദമി ജനറല്‍ സെക്രട്ടറി പരി മാനുപ്പ ഹാജി, നൗഫല്‍ കോഡൂര്‍, എ. മൊയ്തീന്‍ കുട്ടി, സൈതലവി സഅദി, ദുല്‍ഫുഖാറലി സഖാഫി, വീമ്പൂര്‍ മൊയ്തീന്‍ കുട്ടി ഹാജി, ബദ്‌റുദ്ധീന്‍ സ്വലാത്ത് നഗര്‍, സിദ്ധീഖ് പുല്ലാര, ബദ്‌റുദ്ധീന്‍ കോഡൂര്‍ പ്രസംഗിച്ചു. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും: 9633 677 722, 9645 338 343.