‘ഇസ്തിഖ്‌ലാലെ ഹിന്ദുസ്ഥാന്‍’ ശ്രദ്ധേയമായി; മഅദിന്‍ സ്വാതന്ത്ര്യ ദിന പരിപാടിക്ക് ഓണ്‍ലൈനായി ആയിരങ്ങള്‍

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മഅദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച ഇസ്തിഖ്‌ലാലെ ഹിന്ദുസ്ഥാന്‍ വെര്‍ച്വല്‍ സ്വാതന്ത്ര്യ ദിന പരിപാടിയില്‍ ആയിരങ്ങള്‍ സംബന്ധിച്ചു.
ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പി പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് മുഖ്യാതിഥിയായി. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ഭാരതത്തിന്റെ കരുത്തായ മതേതരത്വവും ജനാധിപത്യവും വൈവിധ്യങ്ങളിലെ ഒരുമയും സംരക്ഷിക്കാന്‍ ഓരോ ഭാരതീയനും കടമയുണ്ടെന്നും രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ പുലരി ആഘോഷിക്കുന്ന വേളയിലും രാജ്യത്തെ കോവിഡ് മുക്തമാക്കാന്‍ വേണ്ടി പരിശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍വ പിന്തുണയും നല്‍കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണെന്നും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മഅദിന്‍ വിദ്യാര്‍ത്ഥികള്‍ ആലപിച്ച ഫ്രീഡം സോംഗ് പരിപാടിയിലെ മുഖ്യ ആകര്‍ഷകമായി. പതാക ഉയര്‍ത്തല്‍, ദേശീയ ഗാനം, ഓണ്‍ലൈന്‍ ക്വിസ് മത്സരം, എന്നിവയും പരിപാടിയില്‍ നടന്നു. മഅദിന്‍ പബ്ലിക് സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന്റെ പരേഡും പരിപാടിയുടെ ഭാഗമായി നടന്നു. മഅദിന്‍ അക്കാദമിയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വീടുകളിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. മഅദിന്‍ ഭിന്നശേഷി ഏബ്ള്‍ വേള്‍ഡിന് കീഴില്‍ സംഘടിപ്പിച്ച ഉള്‍ക്കരുത്തിന്റെ ജേതാക്കളോടൊപ്പം പരിപാടി അമല്‍ ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. പോസ്റ്റര്‍ നിര്‍മാണം, ഗാന്ധിജിക്ക് ഒരു കണ്ണട, പതാക നിര്‍മാണം, പേപ്പര്‍ തൊപ്പി നിര്‍മാണം, ദേശീയ ഗാനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.