മഅദിന്‍ അക്കാദമി ഹിജ്‌റ ക്യാമ്പയിന് പ്രൗഢമായ തുടക്കം

ഇസ്‌ലാമിക് കലണ്ടറിലെ ആദ്യ മാസമായ മുഹറത്തോടനുബന്ധിച്ച് മഅദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന 15 ദിവസം നീണ്ടുനില്‍ക്കുന്ന ഹിജ്‌റ ക്യാമ്പയിന് ഉജ്ജ്വല തുടക്കം. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ പരിപാടികളുടെ പ്രഖ്യാപനവും അദ്ദേഹം നടത്തി. ഓരോ പുതുവര്‍ഷപ്പുലരിയേയും പുതിയ ചിന്തകള്‍ കൊണ്ട് വരവേല്‍ക്കണമെന്നും തിന്മയില്‍ നിന്ന് നന്മയിലേക്കുള്ള പലായനമാണ് ഹിജ്‌റ നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
ഹിജ്‌റ ക്യാമ്പയിനിന്റെ ഭാഗമായി ഹിജ്‌റ ശില്‍പശാല, ദശദിന ചരിത്ര പ്രഭാഷണം, ഗോള ശാസ്ത്ര സെമിനാര്‍, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, ക്വിസ് മത്സരം, പ്രബന്ധ മത്സരം എന്നിവ നടക്കും. മുഹറം 10ന് നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തോടെ ക്യാമ്പയിന്‍ സമാപിക്കും.
പരിപാടിയില്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് അല്‍ ഐദറൂസി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, അബ്ദുന്നാസിര്‍ അഹ്‌സനി കരേക്കാട്, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, അഷ്‌റഫ് സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.