യുഎന്‍ ആസ്ഥാനത്തെ സുസ്ഥിരവികസന സമ്മിറ്റിന്റെ ഭാഗമാകാന്‍ മഅദിന്‍ അക്കാദമി
ഈ വര്‍ഷത്തെ സുസ്ഥിര വികസന ലക്ഷ്യ ഉച്ചകോടി, ഐക്യരാഷ്ട്രസഭയുടെ 78ാമത് പൊതുസഭ എന്നിവയോടനുബന്ധിച്ച് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടക്കുന്ന ഉന്നതതല പരിപാടികളില്‍ പങ്കെടുക്കാന്‍ മഅ്ദിന്‍ അക്കാദമിക്ക് ക്ഷണം. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് പിന്തുണയേകുന്നതിന് ഇന്ന് നടക്കുന്ന വിശ്വാസാധിഷ്ഠിത നെറ്റ്വര്‍ക്കുകളുടെ സംഗമത്തില്‍ മഅ്ദിന്‍ അക്കാദമിയുടെയും വിവിധ അന്താരാഷ്ട്ര സംഘടനകളുടെയും കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ ഇന്റര്‍ഫെയ്ത്ത് ഹാര്‍മണി ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ഉമര്‍ മേല്‍മുറി പങ്കെടുക്കും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഐക്യരാഷ്ട്ര സഭ പ്ലാസയില്‍ നടക്കുന്ന തുടര്‍ പരിപാടികളിലും മഅ്ദിന്‍ പ്രതിനിധി സംബന്ധിക്കും. മത സൗഹാര്‍ദ പ്രചാരണത്തിനായുള്ള അന്താരാഷ്ട്ര വേദിയായ റിലീജ്യന്‍ ഫോര്‍ പീസിന്റെ നേതൃത്തിലുള്ള സംഘടനകളാണ് സംഗമത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
2030ലേക്ക് ലക്ഷ്യമിട്ട 17 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഒന്നു പോലും നേടാനാവാത്ത രാജ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് നാളെയും മറ്റന്നാളും ഉച്ചകോടിയും ചൊവ്വ മുതല്‍ ശനി വരെ പൊതുസഭയും ചേരുന്നത്. സമൂഹത്തിലെ താഴെ തട്ടിലുള്ളവരുമായി നേരിട്ട് സംവദിക്കുന്ന വ്യക്തികളെയും കൂട്ടായ്മകളെയും ശക്തിപ്പെടുത്തുകയും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് അവര്‍ക്ക് പിന്തുണയേകുകയും ചെയ്യുകയാണ് വിശ്വാസാധിഷ്ഠിത നെറ്റവര്‍ക്കുകളുടെ സംഗമത്തിന്റെ ഉദ്ദേശ്യം.
മതാന്തര സഹകരണം വളര്‍ത്തുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമുള്ള ആഗോള ശ്രമത്തില്‍ പങ്കാളിത്തം വഹിക്കാന്‍ മഅ്ദിന്‍ അക്കാദമിക്ക് ലഭിച്ച വിശേഷാവസരമാണിതെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഓണ്‍ലൈനിലേക്ക് ചുരുങ്ങിയ ഇത്തരം കൂട്ടായ്മകള്‍ ഫിസിക്കലായി തിരിച്ചു വരുന്നുവെന്നത് ശുഭോദര്‍ക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2011ല്‍ മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി, മലേഷ്യന്‍ പ്രധാനമന്ത്രിയുടെ യൂണിറ്റി ആന്‍ഡ് ഇന്റഗ്രേഷന്‍ വിഭാഗം എന്നിവയോടൊപ്പം മഅ്ദിന്‍ അക്കാദമിയുടെ മുന്‍കൈയില്‍ മലേഷ്യ ആസഥാനമായി രൂപീകരിച്ച ഇന്റര്‍നാഷണല്‍ ഇന്റര്‍ഫെയ്ത്ത് ഹാര്‍മണി ഇനിഷ്യേറ്റീവിലൂടെ അക്കാദമി വിവിധ യുഎന്‍ ബോഡികളുമായും മറ്റ് അന്താരാഷ്ട്ര സംഘടനകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇതിനായി എട്ട് അന്താരാഷ്ട്ര മത സൗഹാര്‍ദ്ദ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും 2018ലെ വൈസനിയം കോണ്‍ഫറന്‍സില്‍ യുഎന്‍ അലയന്‍സ് ഓഫ് സിവിലൈസേഷനുമായി ധാരണാപത്രം ഒപ്പിടുകയും ചെയ്തിരുന്നു.