വിശുദ്ധ റമസാനില്‍ 30 ഇന പദ്ധതികളുമായി മഅ്ദിന്‍ അക്കാദമി | മര്‍ഹബന്‍ റമളാന്‍ സംഗമത്തോടെ ക്യാമ്പയിന് തുടക്കമായി

Categories: Malayalam NewsPublished On: March 31st, 2022
Home/Malayalam News/വിശുദ്ധ റമസാനില്‍ 30 ഇന പദ്ധതികളുമായി മഅ്ദിന്‍ അക്കാദമി | മര്‍ഹബന്‍ റമളാന്‍ സംഗമത്തോടെ ക്യാമ്പയിന് തുടക്കമായി

Subscribe to Blog via Email

Enter your email address to subscribe to this blog and receive notifications of new posts by email.

വിശുദ്ധ റമസാനില്‍ വ്യത്യസ്തങ്ങളായ കര്‍മ പദ്ധതികളുമായി മഅ്ദിന്‍ അക്കാദമിയുടെ റമസാന്‍ ക്യാമ്പയിന്‍. വിവിധ മേഖലകള്‍ സ്പര്‍ശിച്ചുള്ള മുപ്പതിന പരിപാടികളാണ് ഇത്തവണ ആസൂത്രണം ചെയ്തിട്ടുള്ളത്. റമളാന്‍ 27-ാം രാവില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തോടെ ക്യാമ്പയിന്‍ സമാപിക്കും. കോവിഡ് ഭീഷണി ഒഴിഞ്ഞതിനാല്‍ ഇത്തവണ വളരെ വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

കേള്‍വി – കാഴ്ച- ബുദ്ധി പരിമിതര്‍ക്ക് ആശ്വാസ കിറ്റ് വിതരണം, ഭിന്നശേഷി മേഖലയില്‍ നിന്നും മികവ് തെളിയിച്ച വ്യക്തികളുടെ ജീവിത യാത്ര ക്രോഡീകരിച്ച് കൊണ്ടുള്ള ഏബ്ള്‍ വോയ്‌സിന്റെ വാര്‍ഷിക പതിപ്പ് , പ്രാദേശിക തലത്തില്‍ ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള മാതൃകാ പുനരധിവാസ പദ്ധതി, വിവിധ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ഖുര്‍ആന്‍ ഹിഫ്‌ള്, പാരായണ, ബാങ്ക് വിളി മത്സരം,മദ്രസാ അധ്യാപകര്‍ക്കും മഹല്ല് നേതൃത്വത്തിനും ഭിന്നശേഷി മേഖലയെ പരിചയപ്പെടുത്താനുള്ള ക്യാമ്പ്, പ്രാദേശിക കൂട്ടായ്മകള്‍, ഭിന്നശേഷിക്കാര്‍ക്ക് ശാക്തീകരണ സംഗമം, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സ്നേഹ സംഗമം, ഇഫ്ത്വാര്‍ മീറ്റ്, വസ്ത്ര വിതരണം, വര്‍ക്ക് ഷോപ്പ്, ഈദ് മീറ്റ് എന്നിവ സംഘടിപ്പിക്കും. റമളാനിലെ ആദ്യത്തെ വെള്ളിയാഴ്ച മഅദിന്‍ ഗ്രാന്റ് മസ്ജിദിലെ ജുമുഅ ഖുത്വുബക്ക് ഭിന്ന ശേഷി മേഖലയില്‍ നിന്നുള്ള ഹാഫിള് ശബീര്‍ അലി നേതൃത്വം നല്‍കും.

ഗ്രാന്റ് മസ്ജിദില്‍ ഒരു ദിവസം രണ്ട് തറാവീഹ് നിസ്‌കാരങ്ങള്‍ നടക്കും. രാത്രി 8 ന് നടക്കുന്ന തറാവീഹിന് പുറമെ ഖുര്‍ആന്‍ 30 ജുസ്അ് പൂര്‍ത്തിയാക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സൗകര്യത്തോടെയാണ് എല്ലാ ദിവസവും രാത്രി 11.30 ന് നടക്കുന്ന തറാവീഹ് നിസ്‌കാരം. ഇത് വിവിധ തുറകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സൗകര്യപ്രദമാകും.

യു എ ഇ, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും കേരളത്തിനകത്തും പുറത്തുമായി തറാഹീഹിന് നേതൃത്വം നല്‍കുന്നതിന് മഅദിന്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ ശനിയാഴ്ച്ച യാത്ര തിരിക്കും. റമസാന്‍ 4 ന് സകാത് സെമിനാര്‍ നടക്കും.
വനിതകള്‍ക്ക് ‘നല്ല കുടുംബം നല്ല സമൂഹം’ എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 04 തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 24 വരെ വനിതാ വിജ്ഞാന വേദിയും ആത്മീയ സദസ്സും നടക്കും. രാവിലെ 10 മുതല്‍ 12.30 വരെ നടക്കുന്ന പരിപാടിക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ദേവര്‍ശോല അബ്ദുസ്സലാം മുസ്്ലിയാര്‍, മുസ്തഫ ബാഖവി തെന്നല, ലുക്മാനുല്‍ ഹക്കീം സഖാഫി പുല്ലാര, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി അരീക്കോട്, അബ്ദുല്‍ അസീസ് സഖാഫി എലമ്പ്ര, തെന്നല അബൂബക്കര്‍ അഹ്സനി, ശാക്കിര്‍ ബാഖവി മമ്പാട് എന്നിവര്‍ നേതൃത്വം നല്‍കും. കര്‍മശാസ്ത്ര വിഷയങ്ങളില്‍ സംശയ നിവാരണത്തിനും അവസരമുണ്ടാവും. ക്ലാസിനെത്തുന്ന സ്ത്രീകളുടെ സൗകര്യത്തിനായി വിവിധ റൂട്ടുകളില്‍ സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്തും.
ലഹരി ഭീഷണി വ്യാപകമായ സാഹചര്യത്തില്‍ മഅദിന്‍ ഡീ അഡിക്ഷന്‍ സെന്ററായ മിംഹാറിന്റെ സഹായത്തോടെ ആയിരം കേന്ദ്രങ്ങളില്‍ ലഹരി വിരുദ്ധ കൂട്ടായ്മയും ജല സംരക്ഷണത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന വിവിധ പരിപാടികളും ട്രാഫിക് ബോധവല്‍ക്കരണവും സംഘടിപ്പിക്കും.
റമസാന്‍ എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ കുട്ടികളുടെ ഖുര്‍ആന്‍ പഠന വേദിയും വിവിധ സമയങ്ങളിലായി നാട്ടു ദര്‍സും നടക്കും. നോമ്പ് ഒന്ന് മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 5.30 മുതല്‍ നോമ്പ് തുറ വരെ പ്രമുഖ സയ്യിദന്മാരുടെ നേതൃത്വത്തില്‍ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ മജ്‌ലിസുല്‍ ബറക ആത്മീയ വേദി സംഘടിപ്പിക്കും.

യാത്രക്കാര്‍, പരിസരത്തുള്ള ഹോസ്പിറ്റലുകളിലെ രോഗികള്‍, കൂട്ടിരിപ്പുകാര്‍ തുടങ്ങിയവരുടെ സൗകര്യത്തിനായി റമളാന്‍ മുപ്പത് ദിവസവും ഇഫ്ത്വാര്‍ സംഗമം ഒരുക്കും. നോമ്പ് മുപ്പത് ദിനവും മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഹദീസ് ക്ലാസും ഇഅ്തികാഫ് ജല്‍സയുമുണ്ടാകും. ജല്‍സക്കെത്തുന്നവര്‍ക്ക് നോമ്പുതുറ, അത്താഴം, മുത്താഴം, താമസമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കും.

റമളാനിലെ എല്ലാ ദിവസവും ഉച്ചക്ക് ഒന്ന് മുതല്‍ ചരിത്രപഠനം നടക്കും. ഗ്രാന്റ് മസ്ജിദില്‍ നടക്കുന്ന പരിപാടിക്ക് പ്രമുഖ ചരിത്ര പണ്ഡിതന്‍ അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി നേതൃത്വം നല്‍കും. എല്ലാ ദിവസവും വൈകുന്നേരം നാലിന് നടക്കുന്ന കര്‍മശാസ്ത്ര പഠനത്തിന് സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി നേതൃത്വം നല്‍കും. സംശയ നിവാരണത്തിന് പ്രത്യേക സൗകര്യവും ഉണ്ടാകും.
നോമ്പ് പതിനാറിന് ബദര്‍ നേര്‍ച്ചയും മൗലിദ് പാരായണവും നടക്കും. വിശ്വാസ സംരക്ഷണത്തിന് ധര്‍മ്മ സമരത്തിനിറങ്ങിയ 313 ബദ്രീങ്ങളുടെ പേരുകള്‍ ഉരുവിട്ട്, പ്രാര്‍ത്ഥനയോടെ പിരിയുന്ന വേദിയില്‍ ആയിരക്കണക്കിനാളുകള്‍ സംബന്ധിക്കും. റമളാന്‍ 22ന് മഹല്ലുകളിലൂടെ പൈതൃകയാത്ര നടക്കും.
ഖുര്‍ആന്‍ അവതരണ മാസം കൂടിയായ പുണ്യമാസത്തിലെ ഞായറാഴ്ചകളില്‍ ഏഴു മണിതൊട്ട് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ സംഘടിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് നേതൃത്വം നല്‍കും.

ഖത്മുല്‍ ഖുര്‍ആന്‍, മഹല്ല് കൂട്ടായ്മ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം തുടങ്ങിയ പരിപാടികളും കാമ്പയിന്‍ കാലയളവില്‍ സംഘടിപ്പിക്കും. കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ റിലീഫ് ക്യാമ്പുകള്‍ സംഘടിപ്പിക്കും.
റമസാന്‍ 27-ാം രാവില്‍ ജന ലക്ഷങ്ങള്‍ സംബന്ധിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം നടക്കും. തീവ്രവാദത്തിനെതിരെയും ഭീകര വാദത്തിനെതിരെയുമുള്ള പ്രതിജ്ഞയും ലോക സമാധാനത്തിനുള്ള പ്രാര്‍ത്ഥനയും നടക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. സ്വലാത്ത് നഗറിലെ റംസാന്‍ പരിപാടികള്‍ മഅ്ദിന്‍ വെബ്‌സൈറ്റ് വഴിയും മറ്റ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയും വെബ്കാസ്റ്റ് ചെയ്യുന്നുണ്ട്. റംസാന്‍ ചൈതന്യം പകര്‍ന്ന് കൊടുക്കുന്ന സെമിനാറുകളും സംഘടിപ്പിക്കും. പ്രാര്‍ത്ഥനാ സമ്മേളന പരിപാടികളുടെ നടത്തിപ്പിനായി 5555 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.
മര്‍ഹബന്‍ റമസാന്‍ സംഗമത്തോടെ മഅദിന്‍ അക്കാദമിയുടെ റമസാന്‍ ക്യാമ്പയിനിന് തുടക്കമായി. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Share This Story!