അക്ഷര കലയുടെ വിസ്മയം തീര്‍ത്ത് മഅ്ദിന്‍ കലിഗ്രഫി എക്സിബിഷന്‍. പ്രഗത്ഭ കലിഗ്രഫി ആര്‍ട്ടിസ്റ്റുകളുടെ അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള വ്യത്യസ്ത ഇനം കലിഗ്രഫികള്‍ എക്സിബിഷന് മൊഞ്ചേകി. കേരളത്തിന്റെ നാനാദിക്കുകളില്‍ നിന്നും നിരവധി പേരാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സന്ദര്‍ശനത്തെത്തിയത്. മലയാള കലിഗ്രഫിയുടെ പിതാവെന്നറിയപ്പെടുന്ന ആര്‍ട്ടിസ്റ്റ് ഭട്ടതരിയുടെ എഴുത്തുകളും എക്സിബിഷനിലുണ്ടായിരുന്നു. പ്രശസ്ത കലിഗ്രഫി ആര്‍ട്ടിസ്റ്റുകളായ കരീംഗ്രഫിയും സ്വബാഹ് ആലുവയും വിശിഷ്ടാതിഥികളായെത്തിയ എക്സ്ബിഷന്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ആഗോള തലത്തില്‍ കലിഗ്രഫിയുടെ സ്വാധീനം മികവുറ്റതാണെന്നും പൈതൃക പാരമ്പര്യ കലാ രൂപമായ കലിഗ്രഫിക്ക് പ്രചാരം നല്‍കേണ്ടത് അക്ഷര സ്‌നേഹികളുടെ കടമയാണെന്നും അദ്ധേഹം പറഞ്ഞു.

സുലുസ്, ദിവാനി, റുക്കഅ്, ഫാരിസി, മോഡേണ്‍ ആര്‍ട്ടായ സുമ്പുലി തുടങ്ങി കലിഗ്രഫിയുടെ ആയിരത്തിലേറെ ഫ്രൈമുകളും ഹാന്‍ഡി ക്രാഫ്റ്റും അക്ഷര സ്‌നേഹികള്‍ക്ക് വിരുന്നായി മാറി. കരീംഗ്രഫിയുടെ ലൈവ് കലിഗ്രഫി റൈറ്റിംഗും വൈവിധ്യമായി. മുള, പട്ടിക, കയര്‍, തെര്‍മോക്കോള്‍ തുടങ്ങിയ വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച പ്രവേശന കവാടവും സ്റ്റേജും മറ്റ് ഡെക്കറേഷന്‍ വര്‍ക്കുകളും തീര്‍ത്തും കലാചാരുത നിറച്ച പ്രതീതിയായിരുന്നു. പ്രവേശന കവാടത്തിനോടടുത്ത ഭീമന്‍ സുമ്പുലി കാലിഗ്രഫി ഏറെ ശ്രദ്ധ പിടിച്ചു പറ്റി. കലിഗ്രഫി രംഗത്തേക്ക് കടന്നു വരുന്ന പുതുമുഖങ്ങള്‍ക്കും ഈ രംഗത്ത് മുദ്ര പതിപ്പിക്കുകയും ചെയ്തവര്‍ക്ക് എക്സബിഷന്‍ വലിയൊരു പ്രചോദനമായി മാറി.

Ma'din calligraphy exhibition 2021- Photo 03
സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട്, മഅദിന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സൈതലവി കോയ കൊണ്ടോട്ടി, ഏബ്ള്‍ വേള്‍ഡ് സി ഇ ഒ ഹസ്‌റത്ത്, ഉമര്‍ മേല്‍മുറി, ഉനൈസ് കോട്ടയം, മഅ്ദിന്‍ കലിഗ്രഫി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അന്‍ഫസ് വണ്ടൂര്‍, മുഹ്‌സിന്‍ അദനി എന്നിവര്‍ പ്രസംഗിച്ചു.

Ma'din calligraphy exhibition 2021- Photo 02