മഅദിന്‍ മീലാദ് സന്ദേശ റാലി ശ്രദ്ധേയമായി

1496-ാം നബിദിനത്തെ വരവേറ്റ് മഅ്ദിന്‍ അക്കാദമിയുടെയും കേരള മുസ്‌ലിം ജമാഅത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്നലെ മലപ്പുറത്ത് സംഘടിപ്പിച്ച ഉജ്ജ്വല മീലാദ് സന്ദേശ റാലി ശ്രദ്ധേയമായി.
വൈകുന്നേരം 4 ന് എം.എസ്.പി പരിസരത്തു നിന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച റാലി കിഴക്കേത്തലയില്‍ സമാപിച്ചു.
വിവിധ ഭാഷകളിലുള്ള നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ വര്‍ണാഭമായ റാലിയില്‍ വിശ്വാസികള്‍ അണിനിരന്നു. മഅദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥികളുടെ ഫ്‌ളവര്‍ഷോ റാലിയുടെ മാറ്റ് കൂട്ടി.
വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളും ഹദീസിലെ പൊരുളുകളും ഇസ്‌ലാമിക ചരിത്രത്തിലെ സുവര്‍ണാധ്യായങ്ങളും മുദ്രണം ചെയ്ത പ്ലക്കാര്‍ഡുകളും ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത, പരിസ്ഥിതി പ്രശ്‌നങ്ങള്‍, മതസൗഹാര്‍ദ്ദത്തിന്റെ അനിവാര്യത എന്നിവയുള്‍ക്കൊള്ളുന്ന ഡിസ്‌പ്ലേകളും റാലിയെ വ്യത്യസ്തമാക്കി.
സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, സമസ്ത ജില്ലാ സെക്രട്ടറിമാരായ അലവി സഖാഫി കൊളത്തൂര്‍, ഇബ്‌റാഹീം ബാഖവി മേല്‍മുറി, കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി മുജീബ് റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.