ആത്മീയ പ്രഭയിലലിഞ്ഞ് ഓണ്‍ലൈനായി പതിനായിരങ്ങള്‍; മഅ്ദിന്‍ മുഹറം സമ്മേളനത്തിന് പ്രൗഢ സമാപനം

മുഹറം പത്തിന്റെ വിശുദ്ധിയില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആശൂറാഅ് ആത്മീയ സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓണ്‍ലൈനായി പതിനായിരങ്ങള്‍ സംബന്ധിച്ചു. മാനവിക ചരിത്രത്തിലെ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ആശൂറാഇന്റെ പുണ്യം തേടി വിശ്വാസികള്‍ ഒരു പകല്‍ മുഴുവന്‍ ദിക്‌റുകളും പ്രാര്‍ത്ഥനകളുമുരുവിട്ട് സംഗമിച്ചു.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തിരിച്ചു വരവിന്റെയും പ്രതിസന്ധികളില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും പാഠമാണ് ഹിജ്‌റ വര്‍ഷത്തിലെ ആദ്യ മാസമായ മുഹറം നല്‍കുന്നതെന്ന് മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം ഉണര്‍ത്തി.
ആഗോള തലത്തില്‍ സമാധാനം കെടുത്തുന്ന വാര്‍ത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്. ജീവരക്ഷാര്‍ത്ഥം പലായനം ചെയ്യുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ദീനരോദനങ്ങള്‍ ആശങ്കപ്പെടുത്തുന്നു. അഫ്ഗാനിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ലോക രാജ്യങ്ങള്‍ ഇടപെടണം.
കൊവിഡ് അടക്കമുള്ള പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് മുഹറത്തിന്റെ വിശുദ്ധ വേളകളിലുള്ള പ്രാര്‍ത്ഥനകള്‍. ഇസ്ലാമിക ചരിത്രത്തിലെ കറുത്ത അധ്യായമായ കര്‍ബലയെ മുന്‍നിര്‍ത്തി മുഹറം പത്തിന് വേദനയുടെയും വെറുപ്പിന്റെയും പരിവേഷമണിയിക്കുന്നത് സ്രഷ്ടാവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ പ്രവാചക പൗത്രന്‍ സയ്യിദ് ഹുസൈന്‍(റ) ആണ്ട് നേര്‍ച്ചയും നടന്നു. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ഇഖ്‌ലാസ് പാരായണം, മുഹറം പത്തിലെ പ്രത്യേക ദിക്റുകള്‍, പ്രാര്‍ത്ഥനകള്‍, ചരിത്ര സന്ദേശ പ്രഭാഷണം, തഹ്ലീല്‍, തൗബ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. രാവിലെ 11ന് ആരംഭിച്ച ആശൂറാഅ് സമ്മേളനം നോമ്പുതുറയോടെയാണ് സമാപിച്ചത്. മുഹറം 1 മുതല്‍ നടന്ന് വന്ന ഹിജ്‌റ ക്യാമ്പയിന്‍ സമാപനം കൂടിയായിരുന്നു പരിപാടി.
സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് നിയാസ് അല്‍ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുല്‍ ഗഫൂര്‍ സഖാഫി കൊളപ്പറമ്പ്, അബൂബക്കര്‍ സഖാഫി അരീക്കോട്, ബാവ ഹാജി തലക്കടത്തൂര്‍, പരി മാനുപ്പ ഹാജി എന്നിവര്‍ സംബന്ധിച്ചു.