പുതിയ സാഹചര്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നു; വര്‍ഗീയതക്കെതിരെ മതനേതാക്കള്‍ ഒന്നിച്ചു നില്‍ക്കണം ഖലീല്‍ ബുഖാരി തങ്ങള്‍

മത സൗഹാര്‍ദ്ദത്തിലും പാരസ്പര്യ സ്‌നേഹത്തിലും മാതൃകയായിരുന്ന കേരളത്തിലെ പുതിയ സാഹചര്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നുവെന്നും വര്‍ഗീയതക്കെതിരെ മതനേതാക്കള്‍ ഒന്നിച്ചു നില്‍ക്കണമെന്നും കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍.
വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് നേരിടാന്‍ വിശുദ്ധ ഇസ്്‌ലാം അനുവദിക്കുന്നില്ല. യഥാര്‍ത്ഥ മുസ്്‌ലിമിന് സഹജീവിയോട് വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ ഭാഷയില്‍ പെരുമാറാനാവില്ല. തന്റെ നാവില്‍ നിന്നും ചെയ്തികളില്‍ നിന്നും അപരന് നിര്‍ഭയത്വമുണ്ടാകുമ്പോഴാണ് യഥാര്‍ത്ഥ മുസ്്‌ലിമാവുക എന്നത് പ്രവാചകാധ്യാപനമാണ്. ഇസ്്‌ലാമിന്റെ ശരിയായ ആദര്‍ശങ്ങള്‍ അംഗീകരിക്കുന്നവര്‍ക്ക് തീവ്ര വര്‍ഗീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാവില്ല. ഇത്തരം ഛിദ്രശക്തികളെ ഒറ്റപ്പെടുത്തണമെന്നും എല്ലാ മത നേതാക്കളും ഈ വിഷയത്തില്‍ കൈകോര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രാമ ഗ്രാമാന്തരങ്ങളില്‍ വര്‍ഗീയതക്കെതിരെ എല്ലാ വിഭാഗം ആളുകളുടെയും നേതൃത്വത്തില്‍ കൂട്ടായ്മകള്‍ രൂപപ്പെടണം.
മത സൗഹാര്‍ദ്ധത്തില്‍ കേരളം മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും വര്‍ഗീയതയുടെ വിത്ത് പാകുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഅദിന്‍ അക്കാദമി സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു.
വിര്‍ദുല്ലത്വീഫ്, ഹദ്ദാദ്, മുള്‌രിയ്യ, സ്വലാത്തുന്നാരിയ, തഹ്്‌ലീല്‍, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ഹാജിമാര്‍ക്കും പഠനാരംഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. ഹംസ(റ) ആണ്ട് നേര്‍ച്ചയും സംഘടിപ്പിച്ചു. പരിപാടിക്ക് എത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തി.
സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂ ശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിച്ചു.