ലോക്ക്ഡൗണ്‍ കാലത്ത് 600 ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി മഅദിന്‍ വിദ്യാര്‍ത്ഥി

ലോക്ക്ഡൗണ്‍ സമയത്തും ഖുബൈബിന്റെ പഠനത്തിന് ലോക്ക് വീണിട്ടില്ല. വിവിധ അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളുടെ ഓണ്‍ലൈന്‍ കോഴ്സില്‍ ചേര്‍ന്ന് പഠനത്തില്‍ മികവ് പുലര്‍ത്തുകയാണ് 21 കാരനായ ഈ മിടുക്കന്‍. മൂന്നര മാസത്തിനകം അറുനൂറിലധികം ഓണ്‍ലൈന്‍ കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റുകളാണ് ഖുബൈബ് നേടിയത്. ഇതില്‍ ഇരുന്നൂറോളം സര്‍ട്ടിഫിക്കറ്റുകള്‍ മൈക്രോസോഫ്റ്റിന്റേതാണ്. യുനൈറ്റഡ് നാഷന്‍സ്, ഗൂഗ്ള്‍, കാലിഫോര്‍ണിയ യൂനിവേഴ്സിറ്റി, ഹാര്‍ഡ് വാര്‍ഡ് യൂനിവേഴ്സിറ്റി എന്നിവയുടെയും കോഴ്സുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ്, എക്കണോമിക്സ്, മാനേജ്മെന്റ്, ഭാഷാപഠനം, ഡിസൈനിംഗ് എന്നീ മേഖലകളിലെ കോഴ്സുകളാണ് പ്രധാനമായും ചെയ്തിട്ടുള്ളത്. ബി.കോം ഒന്നാം വര്‍ഷം ചെയ്യുന്ന ഖുബൈബ് മലപ്പുറം മഅ്ദിന്‍ അക്കാദമി ദഅ്വ കോളജ് വിദ്യാര്‍ഥിയാണ്. സി എം എ ഫൗണ്ടേഷന്‍ കോഴ്സും ഇതോടൊപ്പം പഠിക്കുന്നുണ്ട്.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ പ്രചോദനവും പ്രോത്സാഹനവും പൂര്‍ണ പിന്തുണയുമാണ് ഇത്തരം കോഴ്സുകള്‍ ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഖുബൈബ് പറയുന്നു. എസ് എസ് എഫ് സാഹിത്യോത്സവുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ ഖുബൈബിന്റെ നേട്ടം ഏറെ സന്തോഷിപ്പിക്കുന്നതായും പുതിയ തലമുറ ഓണ്‍ലൈന്‍ രംഗത്തെ ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും കോവിഡ് കാലം ഫലപ്രദമായി വിനിയോഗിക്കണമെന്നും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.
മുഹമ്മദ് ഖുബൈബ് പുത്തനത്താണി കല്ലിങ്ങല്‍ സ്വദേശി കുമ്മാളില്‍ കുറ്റിക്കാട്ടില്‍ മൊയ്തീന്‍ ഹാജി-ഫാത്വിമക്കുട്ടി ദമ്പതികളുടെ മകനാണ്.