സയ്യിദ് അഹമദുൽ ബുഖാരി അവാർഡ്

സയ്യിദ് അഹ്മദുൽ ബുഖാരിയുടെ നാമധേയത്തിൽ ഏർപ്പെടുത്തിയ ആറാമത്തെ പുരസ്‌കാരം കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർക്കാണ് സമ്മാനിക്കുന്നത്.

അറബി ഭാഷാ രംഗത്തെ സംഭാവനക്കും സേവനത്തിനും മഅ്ദിൻ അക്കാദമി നൽകുന്ന പുരസ്‌കാരമാണ് സയ്യിദ് അഹമദുൽ ബുഖാരി അവാർഡ്. നിസ്വാർത്ഥ സേവനത്തിലൂടെ ദീനിനും സമുദായത്തിനും വലിയ സംഭാവനകൾ നൽകിയ സയ്യിദ് അഹമദുൽ ബുഖാരിയുടെ നാമധേയത്തിൽ ഏർപ്പെടുത്തിയ ആറാമത്തെ പുരസ്‌കാരം കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർക്കാണ് സമ്മാനിക്കുന്നത്. കോടമ്പുഴ ബാവ മുസ്‌ലിയാർ, എ കെ അബ്ദുർറഹ്മാൻ മുസ്‌ലിയാർ, ഇ സുലൈമാൻ ഉസ്താദ്, ചിത്താരി ഹംസ മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ എന്നീ അറബി ഭാഷാ രംഗത്ത് നിസ്തുല സേവനങ്ങൾ നടത്തിയ പണ്ഡിതന്മാർക്കാണ് കഴിഞ്ഞ വർഷങ്ങളിൽ അവാർഡുകൾ സമ്മാനിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.
അറബി ഭാഷാ സേവന രംഗത്ത് പതിറ്റാണ്ടുകളോളം സജീവ സാന്നിധ്യം വഹിക്കുകയും വിജ്ഞാനവും വിവേകവും നൽകി നിരവധി പ്രതിഭകളെ പ്രബോധന രംഗത്ത് വാർത്തെടുത്ത കോട്ടൂർ ഉസ്താദിനെ സ്വലാത്ത് നഗർ ആദരിക്കുകയാണ്.

അവാർഡിന് അർഹരായവർ

അറബി ഭാഷക്ക് മികച്ച സംഭാവന നൽകിയവർക്കായി മഅ്ദിൻ അക്കാദമി നൽകുന്ന സയ്യിദ് അഹമദുൽ ബുഖാരി അവാർഡ് 2018 ൽ സമസ്ത കേന്ദ്ര മുശാവറ അംഗം കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർക്ക് സമസ്ത പ്രസിഡന്റ് റഈസുൽ ഉലമാ ഇ.സുലൈമാൻ മുസ്ലിയാർ, മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവർ ചേർന്ന് നൽകുന്നു. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ, സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ സമീപം.

മഅ്ദിൻ അക്കാദമി-സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് 2017 ൽ സമസ്ത സെക്രട്ടറി മുഹ്‌യിസ്സുന്ന പൊന്മള അബ്ദുല് ഖാദിര് മുസ്ലിയാർക്ക് സമ്മാനിക്കുന്നു.

മഅ്ദിൻ അക്കാദമി-സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് 2016 ൽ സമസ്ത ട്രഷറർ കൻസുൽ ഉലമാ ചിത്താരി ഹംസ മുസ്‌ലിയാർക്ക് സമ്മാനിക്കുന്നു.

മഅ്ദിൻ അക്കാദമി-സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് 2015 ൽ സമസ്ത പ്രസിഡന്റ് റഈസുൽ ഉലമാ ഇ.സുലൈമാൻ മുസ്‌ലിയാർക്ക് സമ്മാനിക്കുന്നു.

മഅ്ദിൻ അക്കാദമി-സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് 2014 ൽ സമസ്ത ഉപാധ്യക്ഷൻ നിബ്രാസുൽ ഉലമാ എ.കെ അബ്ദുറഹ്്മാൻ മുസ്‌ലിയാർക്ക് സമ്മാനിക്കുന്നു.

മഅ്ദിൻ അക്കാദമി-സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് 2013 ൽ സമസ്ത കേന്ദ്ര മുശാവറ മെമ്പർ കോടമ്പുഴ ബാവ മുസ്‌ലിയാർക്ക് സമ്മാനിക്കുന്നു.

സയ്യിദ് അഹമദുൽ ബുഖാരി

കേരളക്കരയിലെ ഇസ്‌ലാമിക നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സാദാത്തുക്കളിൽ പ്രമുഖരാണ് ഉസ്ബകിസ്ഥാനിലെ ബുഖാറയിൽ നിന്ന് മലബാറിലെത്തുകയും പിന്നീട് നാടിന്റെ നാനാഭാഗങ്ങളിൽ ദീനീ ചലനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ബുഖാരി സാദാത്തുക്കൾ. കോഴിക്കോട് ജില്ലയിലെ കടലുണ്ടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അഹ്മദുൽ ബുഖാരി(ഖ:സി) ഈ ശ്രേണിയിലെ സുപ്രധാന വ്യക്തിത്വമാണ്.

തികഞ്ഞ പാണ്ഡിത്യവും ആത്മീയ പ്രഭാവവും നിറഞ്ഞ മഹാനുഭാവന്റെ ജീവിതം സംശുദ്ധവും പ്രഭാ പൂരിതവുമായിരുന്നു. പൂർവ്വ സൂരികളാൽ കൈമാറപ്പെട്ട ആത്മീയ വെളിച്ചം കാത്തുസൂക്ഷിക്കുന്നതിലും പിൻതലമുറയിലേക്ക് കൈമാറുന്നതിലും അവർ ശ്രദ്ധചെലുത്തി. ദീനീ സേവനത്തിലായി ജീവിതം നയിക്കുമ്പോഴും നാളെയുടെ നായകരായി സന്താനങ്ങളെല്ലാവരേയും വഴിനടത്താൻ സയ്യിദവർകൾക്കായി. മക്കൾക്ക് മത ഭൗതിക വിഷയങ്ങളിൽ ശിക്ഷണം നൽകുമ്പോഴും അവരെ ദീനിയായി വളർത്തിക്കൊണ്ടുവരുന്നതിനായി പരിശ്രമിച്ചു. ആ ശ്രമങ്ങളത്രയും പാഴായില്ല, ആത്മീയ വൈജ്ഞാനിക കാരുണ്യ പ്രവർത്തനങ്ങളുമായി രാജ്യത്തും രാജ്യാതിർത്തിക്കപ്പുറത്തും ഇന്ന് ആ വിളക്കുമാടങ്ങൾ പ്രഭ ചൊരിഞ്ഞു കൊണ്ടിരിക്കുന്നു.

കരുവൻതിരുത്തി കിഴക്കെ തങ്ങളകത്ത് തച്ചറംപുറത്ത് വീട്ടിൽ സയ്യിദ് ഹാമിദൽ ബുഖാരി (സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ)യുട മകനായി 1928 ൽ ആണ് സയ്യിദ് അഹമദുൽ ബുഖാരി ജനിച്ചത്. പിതാവിൽ നിന്ന് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന് പിന്നീട് കരുവൻതിരുത്തി, കടലുണ്ടി, കണ്ണൂർ, പുതിയങ്ങാടി എന്നിവടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി ദീനീ സേവന രംഗത്തേക്ക് കടന്നു. കൈപ്പറ്റ ബീരാൻ കുട്ടി മുസ്‌ലിയാർ, കരുവൻതിരുത്തി ആലിക്കുട്ടി മുസ്‌ലിയാർ എന്നിവരാണ് പ്രധാന ഗുരുനാഥന്മാർ.
ആലിക്കുട്ടി മുസ്‌ലിയാരിൽ നിന്ന് പഠനം പൂർത്തിയാക്കി ഉസ്താദിനോടൊപ്പം അധ്യാപക രംഗത്ത് സജീവമാവുകയായിരുന്നു. പിന്നീട് നാട്ടിൽ തിരിച്ചെത്തുകയും കോടമ്പുഴ, കടലുണ്ടി, കരുവൻതിരുത്തി, ചാലിയം എന്നീ മഹല്ലുകളുടെ മതപരമായ മുഴുൻ നേതൃത്വവും ഉത്തരവാദിത്വവും ഏറ്റെടുക്കുകയായിരുന്നു. അക്കാലത്ത് നാട്ടിലുണ്ടായ പുരോഗതിയും ആത്മീയ വൈജ്ഞാനിക മുന്നേറ്റവും തലമുതിർന്നവർ ഇന്നും ചാരിതാർത്ഥ്യത്തോട പങ്ക് വെക്കാറുണ്ട്.

വിദ്യ തേടുന്നതും ഭാഷ കഴിവുകൾ വളർത്തുന്നതും സയ്യിദ് അഹമദുൽ ബുഖാരി വളരെയേറ പ്രോത്സാഹിപ്പിച്ചരുന്നു. സാധരണ ക്ലാസുകൾക്ക് പുറമേ ഭൗതിക വിഷയങ്ങളിൽ ട്യൂഷൻ നൽകിയും തങ്ങളവർകൾ മക്കളെ വളർത്തിക്കൊണ്ടുവന്നു. മത വിഷയങ്ങളിൽ അവർ തന്നെയായിരുന്നു മക്കൾക്ക് ഗുരു. മത ഭൗതിക സമന്വയത്തിന്റെ പ്രാഥമിക രൂപം കൂടിയായിരുന്നു ഇത്.
മക്കളുടെ പഠന വിഷയങ്ങളിൽ എപ്പോഴും സയ്യിദവർകളുടെ ശ്രദ്ധയും ഇടപെടലുമുണ്ടാവും. പാഠഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങൾ ചോദിച്ചും വിവിധ സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചും അവർ എപ്പോഴും മക്കളോടൊപ്പം നിന്നു. ഭാഷാ രംഗത്ത് കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ മക്കൾക്ക് മുതൽക്കൂട്ടായിരുന്നു. റേഡിയോയിൽ വരുന്ന അറബി പ്രഭാഷണങ്ങളും പരിപാടികളും മക്കളെ കേൾപ്പിച്ച് മലയാളത്തിലുള്ള വിവരണങ്ങൾ നൽകുമായിരുന്നു. പ്രവാചക ചര്യയും ചിട്ടയും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച തങ്ങൾ ദീനീ സേവന വഴിയിലേക്കാണ് മക്കളെയെല്ലാം പാകപ്പെടുത്തിയത്. ജീവിതത്തിന്റെ നിഖില മേഖലകളിലും മക്കൾക്ക് സ്‌നേഹത്തിന്റെയും മാർഗ ദർശനത്തിന്റെയും വെളിച്ചം പകർന്ന സയ്യിദവർകൾ വിനയത്തിന്റെയും പാണ്ഡിത്യത്തിന്റെയും ആൾരൂപമായിരുന്നു.

അഷ്‌റഫുൽ ഖൽഖിനെ അതിരറ്റ് സ്‌നേഹിച്ചിരുന്ന അവിടുത്തെ അധരങ്ങളിൽ എപ്പോഴും സ്വലാത്തും ദിക്‌റുമെല്ലാം നിറഞ്ഞു നിന്നു. മുഖത്തു തെളിയുന്ന വശ്യമായ പുഞ്ചിരി അവിടുത്തെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു. വിനയവും താവഴ്മയും അവരുടെ ജീവിതത്തെ സമ്പന്നമാക്കി. ധന്യമായ ജീവിതത്തിന്റെ അവസാന മുഹൂർത്തങ്ങൾ അവിടുന്ന് ചിലവഴിച്ചത് മൗലിദിന്റെ അനുഗ്രഹീത സദസ്സിലായിരുന്നു. 1987 ലെ നവംബറിലായിരുന്നു ആ ദുഃഖ ദിനം. സയ്യിദ് അഹമദുൽ ബുഖാരിയുടെ ജീവിതത്തിലുടനീളം അവർ തീർത്ത വിജ്ഞാന വഴികളുടേയും സ്‌നേഹ വലയത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാൻ അവരുടെ വഴിയെ സഞ്ചരിക്കേണ്ടതുണ്ട്. എങ്കിലും അവരുടെ ജീവതം കണ്ടറിഞ്ഞവർ പങ്കുവെച്ച ഓർമകൾ സയ്യിദ് അഹമദുൽ ബുഖാരി എന്ന വ്യക്തി പ്രഭാവത്തെ കൂടുതൽ പ്രോജ്വലിപ്പിക്കുകയാണ്.

സയ്യിദ് അഹമദുൽ ബുഖാരി