രാജ്യാന്തര സഹകരണങ്ങളും കരാറുകളും

കുറഞ്ഞ വർഷത്തിനകം തന്നെ പ്രമുഖ വിദേശ അക്കാദമിക് സ്ഥാപനങ്ങളുമായി ധാരണാ പത്രങ്ങളും സഹകരണ കരാറുകളും ഉണ്ടാക്കിയെടുക്കാൻ മഅ്ദിൻ അക്കാദമിക് കഴിഞ്ഞു.

ഇന്റർനാഷണൽ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, മലേഷ്യ(ഐ ഐ യു എം)

മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ധാരാണാ പത്രം ഒപ്പിടുന്ന ആദ്യത്തെ ഇന്ത്യൻ സ്ഥാപനമാണ് മഅ്ദിൻ അക്കാദമി. മലേഷ്യയിൽ കോലാലംപൂരിൽ നടന്ന ചടങ്ങിൽ മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയും ഐ ഐ യു എം റെക്ടർ ഡോ. സെയ്ദ് അറബി ഐദീദ് ധാരണാ പത്രത്തിൽ ഒപ്പ് വെച്ചു.

അദ്യാപക-വിദ്യാർത്ഥികളുടെ പരസ്പര കൈമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ മേഖലകളിലെ ഗവേഷണത്തിനും പ്രസാധനത്തിനും സൗകര്യമൊരുക്കാനും അന്താരാഷ്ട്ര സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കുന്നതിനും ഊന്നൽ നൽകുന്നതാണ് ധാരണാ പത്രം.

ഷെൻഗെ ഇന്റർനാഷ്ണൽ ഫൗണ്ടേഷൻ, യു എസ് എ

സാംസ്‌കാരിക-ചരിത്ര പഠന മേഖലയിലെ സഹകരണത്തിന് അമേരിക്ക ആസ്ഥാനമായുള്ള ഷെൻഗെ ഇന്റർനാഷനൽ പീസ് ഫൗണ്ടേഷനും മഅ്ദിൻ അക്കാദമിയും ധാരണയായി. 2016 ജനുവരിയിലാണ് മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്്‌റാഹീമുൽ ഖലീലുൽ ബുഖാരിയും ഷെൻഗെ ഫൗണ്ടേഷൻ ഡയറക്ടറും അമേരിക്കയിലെ ഫോസ്ത്ബർഗ് സർവ്വകലാശാല ചരിത്രവിഭാഗം പ്രൊഫസറുമായ ഡോ. ഹൈയുൻ മായും ഒപ്പുവെച്ചത്.

പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ ചൈനീസ് നാവികനും സഞ്ചാരിയുമായിരുന്ന ഷെൻഗെയെക്കുറിച്ചുള്ള വിവിധ ഗവേഷണ പദ്ധതികളിൽ യോജിച്ചു പ്രവർത്തിക്കുക, ഇന്ത്യ-ചൈന സാംസ്‌കാരിക ബന്ധം ദൃഢപ്പെടുത്തുന്നതിനുള്ള സമ്മേളനങ്ങൾ, പഠന യാത്രകൾ എന്നിവ സംഘടിപ്പിക്കുക, മഅ്ദിൻ വിദേശ ഭാഷാ കേന്ദ്രത്തിനു കീഴിൽ ചൈനീസ് ഭാഷയായ മാൻഡറിൻ കോഴ്‌സ് ആരംഭിക്കുക, ഗവേഷണ പുസ്തകങ്ങളുടെ പ്രസിദ്ധീകരണം എന്നീ മേഖലകളിലാണ് രണ്ടു സ്ഥാപനങ്ങളും സഹകരിക്കുക.

Darul-Musthafa-Madin-MoU-Edited

ദാറുൽ മുസ്ഥഫ യൂണിവേഴ്‌സിറ്റി, യെമൻ

മഅ്ദിൻ അക്കാദമിയും യമനിലെ ദാറുൽ മുസ്തഫ യൂണിവേഴ്‌സിറ്റിയും തമ്മിൽ പരസ്പര സഹകരണത്തിന് ധാരണയിലെത്തി. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയും പ്രശസ്ത പണ്ഡിതനും ദാറുൽ മുസ്തഫ സ്ഥാപകനുമായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളും തമ്മിൽ ഇതു സംബന്ധിച്ച രേഖയിൽ ഒപ്പുവെച്ചു.

പഠന-പരിശീലന പരിപാടികളിൽ യോജിച്ച് പദ്ധതികൾ ആവിഷ്‌കരിക്കാനും കേരളവും യമനും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സാംസ്‌കാരിക ബന്ധത്തെപ്പറ്റി സംയുക്ത ഗവേഷണ സംരംഭങ്ങൾ ആരംഭിക്കാനും തീരുമാനമായി.

യമനിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര നഗരങ്ങളിലൊന്നും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പാരമ്പര്യ കേന്ദ്രവുമായ തരീമിലെ ദാറുൽ മുസ്തഫയിൽ മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഓരോ വർഷവും വിവിധ പഠന പരിപാടികൾക്കായി എല്ലാ വൻകരകളിൽ നിന്നുമുള്ള വിദ്യാർത്ഥികളും ഗവേഷകരും ഇവിടെയെത്തുന്നുണ്ട്.

ഇൻസ്റ്റിത്യൂതോ സെർവാൻന്തസ്‌

സ്പാനിഷ് ഭാഷാ പഠന സാധ്യതകളെ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി മഅദിൻ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ടോ സെർവാൻതസുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു. ഡെൽഹിയിൽ നടന്ന ചടങ്ങിൽ സെന്റർ ഡയറക്ടർ ഓസ്‌കാർ പുജോൾ റെയിൻബോയും മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയും കരാറിൽ ഒപ്പ് വെച്ചു.

സ്പാനിഷ് ഭാഷ പഠിക്കുന്നതിനായി ഒരു സ്‌പെയിൻ ഗവൺമെന്റിന്റെ കീഴിലുള്ള ഔദ്യോഗിക സ്ഥാപനവുമായി കേരളത്തിൽ നിന്നും ഒരു സ്ഥാപനം നടത്തുന്ന ആദ്യ ഉടമ്പടിയാണിത്. കരാർ പ്രകാരം സ്പാനിഷ് ഭാഷ പഠിപ്പിക്കുന്നതിനായി പ്രാഥമിക തലം മുതൽ ഉന്നത തലം വരെയുള്ള സമ്പൂർണ കോഴ്‌സ് പഠനത്തിനാവശ്യമായ അധ്യാപകരെ ഇൻസ്റ്റിറ്റ്യൂട്ടോ സെർവാൻതസ് മഅദിൻ അക്കാദമിക്കു നൽകും.