ഭിന്നശേഷിക്കാര്‍ക്കുള്ള നാഷണല്‍ ട്രസ്റ്റ് നിയമം, നിരാമയ ഇന്‍ഷുറന്‍സ്; ബോധവല്‍ക്കരണവും എക്‌സിബിഷനും നടത്തി

കേരള സര്‍ക്കാര്‍ സൂമൂഹ്യനീതിവകുപ്പ് ‘നാഷണല്‍ ട്രസ്റ്റ് നിയമം, നിരാമയ ഇന്‍ഷുറന്‍സ്’ എന്ന വിഷയത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ബോധവല്‍ക്കരണവും എക്‌സിബിഷനും സംഘടിപ്പിച്ചു. ഇന്നലെ (മാര്‍ച്ച് 6 ശനിയാഴ്ച) രാവിലെ 10 മണിക്ക് മഅദിന്‍ ക്യാമ്പസ്സില്‍ വെച്ച് നടന്ന പരിപാടിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എമ്പതിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിപരമായ വെല്ലുവിളി എന്നിവ നേരിടുന്ന വ്യക്തികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടി മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ശ്രീ. കൃഷ്ണ മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. നാഷണല്‍ ട്രസ്റ്റ് ജില്ലാ സമിതി അംഗം ശ്രീ.അബ്ദുള്‍ നാസര്‍.കെ ഭിന്നശേഷി അവകാശങ്ങളെക്കുറിച്ച് ആമുഖ പ്രസംഗം നടത്തി. നാഷണല്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും വിവിധ ആനുകൂല്യങ്ങളെക്കുറിച്ചുമുള്ള ക്ലാസ് നാഷണല്‍ ട്രസ്റ്റ് സംസ്ഥാന സമിതി അംഗം ശ്രീ.സിനില്‍ദാസ് പൂക്കോട്ട് നയിച്ചു.
നാഷണല്‍ ട്രസ്റ്റ് നിയമങ്ങളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാനുള്ള എക്‌സിബിഷനും നിരാമയ ഇന്‍ഷുറന്‍സിന് പുതുതായി അപേക്ഷിക്കാനുള്ള സംവിധാനവും പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഉപകാരപ്രദമായി. ഭിന്നശേഷി മേഖലയിലെ വാര്‍ത്തകളെയും സംവിധാനങ്ങളെയും പരിചയപ്പെടുത്തുന്ന ‘ഏബ്ള്‍ വോയ്‌സ്’ മാഗസിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും മികച്ച വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ് ദാനവും പരിപാടിയുടെ ഭാഗമായി നടന്നു.
മഅ്ദിന്‍ അക്കാദമി മാനേജര്‍ ദുല്‍ഫുഖാര്‍ അലി സഖാഫി അധ്യക്ഷത വഹിച്ച സംഗമത്തില്‍ സ്പെഷ്യല്‍ സ്‌കൂള്‍ വിഭാഗം മേധാവി ശ്രീ. മൊയാതീന്‍ കുട്ടി, മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ശ്രീ. മുഹമ്മദ് ഹസ്‌റത്ത്, ലൈഫ് ഷോര്‍ റീഹാബിലിറ്റേഷന്‍ സെന്റല്‍ ഡയറക്ടര്‍മാരായ മുര്‍ഷിദ് കുട്ടീരി, ഫായിസ് പറേക്കാട്ട്, മഅ്ദിന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി വിമല എന്നിവര്‍ പ്രസംഗിച്ചു.