ശുഭ്ര സാഗരമായി സ്വലാത്ത് നഗര്‍; റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനത്തിന് പതിനായിരങ്ങള്‍

ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ വിശ്വാസികള്‍ ചെറു സംഘങ്ങളായി സ്വലാത്ത് നഗറിലേക്ക് ഒഴുകിയിരുന്നു. വൈകുന്നേരത്തോടെ പ്രധാന ഗ്രൗണ്ടും മഅദിന്‍ ഗ്രാന്റ് മസ്ജിദും നിറഞ്ഞ് കവിഞ്ഞു. ഉച്ചക്ക് 1 മുതല്‍ നടന്ന അസ്മാഉല്‍ ബദ്രിയ്യീന്‍ മജ്ലിസോടെ പരിപാടികള്‍ക്ക് തുടക്കമായി.
തുടര്‍ന്ന് പതിനായിരങ്ങള്‍ സംബന്ധിച്ച മെഗാ ഇഫ്ത്വാര്‍ നടന്നു. മഗ്രിബ്, ഇശാഅ്, അവ്വാബീന്‍, തസ്ബീഹ്, തറാവീഹ്, വിത്‌റ് നിസ്‌കാരങ്ങള്‍ പ്രധാന വേദിയിലും ഗ്രാന്റ് മസ്ജിദിലും വിവിധ ഓഡിറ്റോറിയങ്ങളിലും നടന്നു.
രാത്രി 9 ന് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാരംഭ പ്രാര്‍ത്ഥനയോടെ സമാപന പരിപാടികള്‍ക്ക് തുടക്കമായി. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞക്കും സമാപന പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. അമ്പത് ലക്ഷം ആളുകളിലേക്ക് ലഹരിവിരുദ്ധ സന്ദേശമെത്തിക്കുന്നതിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.
മഹാസംഗമത്തിലേക്കൊഴുകിയ വിശ്വാസി സമൂഹത്തെ സ്വീകരിക്കാനായി മഅദിന്‍ അക്കാദമി പൂര്‍ണ സജ്ജമായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും സഹകരണത്തോടെ 5555 അംഗ വളണ്ടിയര്‍ കോറിന്റെ പ്രവര്‍ത്തനം നിസ്തുലമായി. അടിയന്തിരാവശ്യങ്ങള്‍ക്കായൊരുക്കിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, മൊബൈല്‍ ടെലി മെഡിസിന്‍ യൂനിറ്റ്, ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സജ്ജീകരണങ്ങള്‍ എന്നിവ വിശ്വാസികള്‍ക്കനുഗ്രഹമായി. പ്രാര്‍ത്ഥനാ സമ്മേളനത്തിനെത്തിയ വിശ്വാസികള്‍ക്ക് മഅ്ദിന്‍ മിംഹാറിന് കീഴില്‍ സൗജന്യ ചികിത്സാ സൗകര്യമൊരുക്കി. ഭിന്നശേഷി സുഹൃത്തുക്കളുടെ സൗകര്യത്തിനായി പ്രത്യേക ക്രമീകരണങ്ങളുമൊരുക്കി.
പ്രധാനവേദിക്ക് പുറമെ പരിസരത്തെ മൈതാനങ്ങളും ഓഡിറ്റോറിയങ്ങളും തിരക്ക് നിയന്ത്രിക്കാന്‍ നിമിത്തമായി. പ്രാര്‍ത്ഥനാ സംഗമത്തിനെത്തിയ ലക്ഷങ്ങള്‍ക്കായുള്ള നോമ്പ്തുറക്കും അംഗസ്നാനത്തിനും നമസ്‌കാരങ്ങള്‍ക്കും പ്രാഥമിക കര്‍മങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തിയ പ്രത്യേക സൗകര്യങ്ങള്‍ ഏറെ ആശ്വാസം പകരുന്നതായിരുന്നു. ആത്മീയവേദിയുടെ പുണ്യം നുകരാനെത്തിയ സ്ത്രീകള്‍ക്കുള്ള സൗകര്യവുമൊരുക്കിയിരുന്നു.
സ്വലാത്ത്, തഹ്ലീല്‍, ഖുര്‍ആന്‍ പാരായണം, തൗബ, പ്രാര്‍ത്ഥന എന്നിവ പരിപാടിയില്‍ നടന്നു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്്‌ലിയാര്‍, സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കെ.കെ അഹ്മദ് കുട്ടി മുസ്്‌ലിയാര്‍ കട്ടിപ്പാറ, കെ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ പട്ടുവം, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, ചാലിയം എ.പി അബ്ദുല്‍ കരീം ഹാജി എന്നിവര്‍ പ്രസംഗിച്ചു.