പുസ്തകങ്ങള്‍ക്കപ്പുറം ചുറ്റുപാടുകളെ കുറിച്ചും വിദ്യാര്‍ഥികള്‍ പഠിക്കണം: മന്ത്രി അഹ്മദ് ദേവര്‍കോവില്‍

പുസ്തകങ്ങള്‍ക്കപ്പുറം ചുറ്റുപാടുകളെ കുറിച്ചും സമൂഹത്തിലെ ഇതര വിഭാഗങ്ങളെ കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് തിരിച്ചറിവുണ്ടാകണമെന്ന് തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍. വിവിധ മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി മലപ്പുറം മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച സക്സസ് ലൈന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍വകാല പൈതൃകങ്ങളെ പിന്തുടരുന്നതോടൊപ്പം കാലഘട്ടത്തിന്റെയും സമൂഹത്തിന്റെയും ആവശ്യങ്ങളറിഞ്ഞ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതാണ് മഅ്ദിന്‍ അക്കാദമിയെ വേറിട്ട് നിര്‍ത്തുന്നതെന്നും ചരിത്രപരമായ കാരണങ്ങളാല്‍ പിന്തള്ളപ്പെട്ട വിഭാഗത്തിന് കൃത്യമായ ദിശാബോധം പകര്‍ന്നുനല്‍കുന്ന വിപ്ലവകരമായ നവോത്ഥാനത്തിന്റെ അടയാളപ്പെടുത്തലുകളാണ് ഇത്തരം വൈജ്ഞാനിക മുന്നേറ്റങ്ങളെന്നും അദ്ദേഹം പറഞ്ഞു. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.

സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയവുമായി ബന്ധപ്പെട്ട് സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി നല്‍കിയ നിവേദനത്തില്‍ സാധ്യമായ എല്ലാ പിന്തുണയും മന്ത്രി ഉറപ്പ് നല്‍കി. വിവിധ അക്കാദമിക് തലങ്ങളില്‍ ഉന്നത നേട്ടം കൈവരിച്ച പ്രതിഭകള്‍ക്ക് അവാര്‍ഡ് ദാനം നടത്തി.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി മേല്‍മുറി, അഡ്വ. സമദ് വേങ്ങര, അബ്ദുല്‍ അസീസ് ചേപ്പൂര്‍, ദുല്‍ ഫുഖാര്‍ അലി സഖാഫി മേല്‍മുറി, നൗഫല്‍ മാസ്സര്‍ കോഡൂര്‍, സൈതലവി മാസ്റ്റര്‍ കൊണ്ടോട്ടി എന്നിവര്‍ പ്രസംഗിച്ചു.