ആത്മീയ സംഗമവും ജീലാനി അനുസ്മരണവും സംഘടിപ്പിച്ചു

മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്മീയ സംഗമവും ജീലാനി അനുസ്മരണ സമ്മേളനവും പ്രൗഢമായി. പരിപാടിയില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശൈഖ് ജീലാനി ആദ്ധ്യാത്മക ലോകത്തെ നേതാവായിരുന്നുവെന്നും മത സൗഹാര്‍ദത്തിനും മാനവിക ഐക്യത്തിനും ഉദാത്ത മാതൃകകള്‍ സമ്മാനിച്ച വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹലാലിന്റെ പേരില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ കേരളത്തില്‍ വര്‍ഗീയത വളര്‍ത്താനുള്ള തന്ത്രമാണെന്നും പ്രബുദ്ധ കേരളം ഇത്തരം വേലകളെ തള്ളിക്കളഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണെന്നും രാഷ്ട്രീയ പ്രചാര പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാക്കി പള്ളികളുടെ പവിത്രത നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
വെല്ലൂര്‍ ബാഖിയാത്ത് സ്ഥാപക നേതാവ് ശാഹ് അബ്ദുല്‍ വഹാബ് ഹസ്രത്ത് എന്നവരുടെ 105-ാം ആണ്ട് നേര്‍ച്ചയും പരിപാടിയില്‍ നടന്നു. പി.എസ്.കെ ബാഖവി മാടവന, അബ്ദുല്‍ വാസിഅ് ബാഖവി കുറ്റിപ്പുറം എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സമസ്ത നേതാക്കളായിരുന്ന താജുല്‍ ഉലമാ, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്്‌ലിയാര്‍, എം.എ ഉസ്താദ്, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്്‌ലിയാര്‍ എന്നിവരെ അനുസ്മരിച്ചു.
സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് ബാഖിര്‍ ശിഹാബ് തങ്ങള്‍ കോട്ടക്കല്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ മഞ്ഞപ്പറ്റ ഹംസ മുസ്്‌ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, മുഈനുദ്ധീന്‍ ബാഖവി ഒളവട്ടൂര്‍, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി, ആറ്റുപുറം അലി ബാഖവി, അബ്ദുറഷീദ് ബാഖവി കുറ്റിപ്പുറം, അബ്ദുല്‍ വാസിഅ് ബാഖവി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി എന്നിവര്‍ പ്രസംഗിച്ചു.